വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍, ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമ ഭേദഗതിക്കൊണ്ടുവരുന്നതടക്കമുള്ള ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമത്തില്‍ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി വേണം. കാട്ടുപ്പന്നികളടക്കമുള്ള അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാനുള്ള ബില്ലും കൊണ്ട് വരും. ബില്ലുകള്‍ വരുന്ന സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ അനുസരിച്ച്, കാട്ടാനയാക്രണത്തില്‍ മാത്രം കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. വന്യജീവി ആക്രമണങ്ങളില്‍ നിയമം നടപ്പാക്കുന്നതില്‍ പ്രയോഗിക പ്രശ്‌നം ഉണ്ടെങ്കിലും മലയോര ജനതയെ ഒപ്പം നിര്‍ത്തുകയാണ സര്‍ക്കാര്‍ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നട്ട് വളര്‍ത്തിയ ചന്ദനമരങ്ങള്‍ വനം വകുപ്പ് അനുമതിയോടെ വെട്ടാന്‍ അനുമതി നല്‍കുന്ന ബില്ലും മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയേക്കും.